നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധിയോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധനിലപാടില്‍ പ്രതിഷേധിച്ച് 200-ഓളം പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്ററിന് മുന്നില്‍ ഇന്ന് ധര്‍ണ്ണ ഇരിക്കും. നോട്ട് അസാധുവാക്കല്‍ വിഷയം പാര്‍ലമെന്റ് നടപടികളെ ഇന്നും പ്രക്ഷുബ്ധമാക്കും. ഇതിനിടെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ ഇന്ന് ദില്ലിയില്‍ അരുണ്‍ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിനുള്ളില്‍ നടത്തുന്ന പ്രതിഷേധ സമരം പാര്‍ലമെന്റിനു പുറത്തേക്കും വ്യാപിപ്പിക്കുവാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി ഇരുസഭകളിലെയും 200-ഓളം പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുന്നത്. കോണ്‍ഗ്രസ്, സിപിഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി തുടങ്ങി 13 പാര്‍ട്ടികളുടെ എംപിമാരാണ് ധര്‍ണ്ണ ഇരിക്കുന്നത്.













