അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ നാല് ജഡ്ജിമാര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി.
അമേരിക്കയ്ക്കും അവരുടെ സഖ്യ രാജ്യങ്ങള്‍ക്കുമെതിരെ നിമയവിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ കഴിഞ്ഞ ദിസമാണ് ഉപരോധമേര്‍പ്പെടുത്തിയ വിവരം പ്രഖ്യാപിച്ചത്.ഐസിസി രാഷ്ട്രീയവത്കരിക്കപ്പെടുകയും അമേരിക്കയ്ക്കും സഖ്യങ്ങള്‍ക്കുമെതിരെ അനിയന്ത്രിതമായ വിവേചനാധികാരത്തിലൂടെ തെറ്റായ അന്വേഷണം നടത്തുകയും, കുറ്റം ചുമത്തുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുന്നു.
ഈ അപകടകരമായ അധികാര ദുര്‍വിനിയോഗവും അപകടകരമായ അവകാശവാദവും ഇസ്രയേല്‍ അടക്കമുള്ള അമേരിക്കയുടെ സഖ്യകക്ഷികളുടെ ദേശീയ സുരക്ഷയേയും പരമാധികാരത്തേയും ലംഘിക്കുന്നു’, മാര്‍ക്കോ റുബിയോ പ്രസ്താവനയില്‍ പറയുന്നു.ഉഗാണ്ടയില്‍ നിന്നുള്ള സൊളോമി ബലുങ്കി ബോസ്സ, പെറുവില്‍ നിന്നുള്ള ലുസ് ഡെല്‍ കാര്‍മെന്‍ ഇബാനെസ് കാറ്റന്‍സ, ബെനിനില്‍ നിന്നുള്ള റെയ്ന്‍ അഡെലെയ്ഡ് സോഫീ അലപിനി ഗന്‍സൗ, സ്ലെവേനിയയില്‍ നിന്നുള്ള ബെടി ഹോഹ്ലര്‍ എന്നിവര്‍ക്കാണ് ഉപരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗന്‍സൗ, ഹോഹ്ലര്‍ എന്നിവരാണ് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബോസ്സ, ഇബാനെസ് കാറ്റന്‍സ എന്നിവര്‍ ട്രംപിന്റെ ആദ്യ ഭരണ കാലത്ത് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.













