അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി ഇലോൺ മസ്ക് രംഗത്ത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് വെളിപ്പെടുത്തിയിട്ടുണ്ട്.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ആരോപിച്ചു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ ഫയൽ.കുറച്ചുകാലമായി തുടരുന്ന ട്രംപ് – മസ്‌ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമുള്ള പോസ്റ്റുകളെയും അനുകൂലിച്ച് മസ്‌ക് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
‘ബിഗ് ബോംബിനുള്ള സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ – എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.













