നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലെന്ന് ജേക്കബ് തോമസ്


താന്‍ നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലാണെന്നും കുഴപ്പമില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തുറമുഖ വകുപ്പിന് ഡ്രഡ്ജര്‍ വാങ്ങിയതിലെ വീഴ്ച സംബന്ധിച്ച് തനിക്കെതിരായ ധനവകുപ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.


ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചവരുത്തി സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ ജേക്കബ് തോമസിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ഉള്ളടക്കം.
റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ പ്രതികരണം.


എല്ലാ കാര്യങ്ങളും പറയേണ്ട ആള്‍ പറഞ്ഞിട്ടുണ്ട്. നന്മയുള്ളവരുടെ നടുവിലാണ് നില്‍ക്കുന്നത്. കുഴപ്പമൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജിലന്‍സിന് 10,000 ത്തില്‍പ്പരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ 655 കേസുകളില്‍ അന്വേഷണം നടക്കുന്നു. ഇതില്‍ എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ഉണ്ടാകാമെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ കേസുകള്‍ സംബന്ധിച്ച ചോദ്യത്തിന് ജേക്കബ് തോമസ് മറുപടി നല്‍കി.



Sharing is Caring