നിലപാടിലുറച്ച് കട്ജു; നാളെ ഹാജരാകും


സൗമ്യ വധക്കേസ് ഹര്‍ജി കേള്‍ക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നാളെ റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിശദീകരണം നല്‍കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകുമെന്നും ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ വിധി തിരുത്താന്‍ ആവശ്യപ്പെടുമെന്നും കട്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു.


ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജസ്റ്റീസുമാര്‍ പിഴവുകള്‍ക്ക് അതീതരല്ലെന്നും തെറ്റു ബോധ്യപ്പെട്ടാല്‍ തിരുത്തുകയാണ് വേണ്ടതെന്നും പറയുന്ന കട്ജു, തനിക്ക് പറ്റിയ തെറ്റും അതു തിരുത്തിയ സംഭവവും കേസ് വിവരണ സഹിതം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിലാണ് കേസ്.


സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന കട്ജു എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ നിലപാടു വിശദീകരിക്കാന്‍ വിളിച്ചത്.



Sharing is Caring