മന്ത്രി ഇപി ജയരാജന്റെ രാജിയുടെ അലയൊലികള്‍ അവസാനിക്കും മുമ്പെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബന്ധു നിയമനവിവാദത്തിന്റെ അലയൊലികള്‍ നിയമസഭയില്‍ ഉണ്ടാകും. ജയരാജന്റെ രാജിയും മുന്‍ സര്‍ക്കാറിന്റെ നിയമനങ്ങളും ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിക്കാനാകും ഭരണപക്ഷശ്രമം. സ്വാശ്രയസമരം പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നേരത്തെ പിരിഞ്ഞ സഭയാണ് 11 ദിവസത്തിനു ശേഷം പുനരാരംഭിക്കുന്നത്. സമരം വിജയിച്ചില്ലെങ്കിലും അത് പ്രതിപക്ഷത്തിനു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ബന്ധുനിയമനവിവാദത്തിലും സമാനമായ സാഹചര്യങ്ങളിലേക്ക് സഭയെ എത്തിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രതിപക്ഷം. എന്നാല്‍ ജയരാജന്‍ രാജി വച്ചതോടെ കണക്കു കൂട്ടല്‍തെറ്റി. എങ്കിലും മറ്റു ബന്ധുനിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് ആരോപിച്ചും വിഷയം സഭയില്‍ എത്തിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വിഷയം സഭയില്‍ എത്തട്ടെ എന്നാണ് മുഖ്യമന്ത്രിയും ഭരണപക്ഷവും ആഗ്രഹിക്കുന്നത്. അന്വേഷണം വന്നപ്പോള്‍ തന്നെ മന്ത്രി രാജി വെച്ചതിന്റെ മാതൃക പ്രതിപക്ഷത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നാണ് ഭരണപക്ഷം പറയുന്നത്. യുഡിഎഫ് കാലത്തെ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവിനേയും മുന്‍മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാക്കാമെന്നും ഇടതുപക്ഷം കണക്കു കൂട്ടുന്നു.













