തിരുവന്തപുരം: കഴിഞ്ഞദിവസത്തെ പ്രശ്‌നങ്ങളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷബഹളം. ശിവസേനയുടെ അക്രമത്തിനു പിന്നില്‍ പ്രതിപക്ഷമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം.
പ്രതിപക്ഷത്തിന്റെ അഭിമാനം ക്ഷതപ്പെടുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാനേതാവാണ് മുഖ്യമന്ത്രി. സഭ നടക്കുമ്പോള്‍ മുഖ്യമന്ത്രി സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങളോട് കയര്‍ത്തു സംസാരിച്ചു. ഇത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസിനെതിരെ പ്രതികരിക്കേണ്ടതെങ്ങനെയെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടതില്ല. യു.ഡി.എഫിനോ കോണ്‍ഗ്രസിനോ സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. സഭയുടെ നടുത്തളത്തില്‍ മുഖ്യമന്ത്രി ഇറങ്ങുന്നത് സഭയുടെ ചരിത്രത്തില്‍ ആദ്യമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
എന്നാല്‍ പ്രതിപക്ഷം പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല. പ്രതിപക്ഷം ആരോപിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തിന് പ്രത്യേക മാനസികാവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














