നിപാ നിരീക്ഷണത്തിലുള്ള 52 പേര്‍ക്കും രോഗലക്ഷണമില്ല


കൊച്ചി: നിപാ രോഗം സ്ഥിരീകരിച്ച്‌ കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന യുവാവുമായി ബന്ധമുള്ള 52 പേര്‍ക്കും നിപാ ലക്ഷണങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു.ഐസോലേഷന്‍ വാര്‍ഡിലേക്ക് പനിയും ചില രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം എത്തിയ രോഗിക്കും നിപാ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് പേര്‍ക്കും നിപാ രോഗം ഇല്ലെന്ന് വ്യക്തമായി.


രോഗിയുമായി ബന്ധം പുലര്‍ത്തി 14 ദിവസത്തിനകമാണ് നിപാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. തീവ്രനിരീക്ഷണത്തിലുള്ള 52 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെങ്കിലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും ഇവരുടെ ആരോഗ്യവിവരങ്ങള്‍ കൃത്യമായി വിലയിരുത്തും. നിപാ ബാധയുള്ള യുവാവുമായി അടുപ്പമുള്ളതായി കണ്ടെത്തിയ 327 പേര്‍ക്കും നിപാ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് തെളിഞ്ഞതായും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.


നിപാ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും കളക്ടര്‍ അറിയിച്ചു. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്ന യുവാവിന്റെ സാമ്ബിളുകളില്‍ രണ്ടെണ്ണം നെഗറ്റീവും ഒരെണ്ണം പോസിറ്റീവുമാണ്.



Sharing is Caring