നടി പ്രണതി(26)യെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മാതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് പൊലീസ് കണ്ടെടുത്തു. തലശ്ശേരി ‘ഗോവര്ധ’നില് അരവിന്ദ് രത്നാകറിനെ (ഉണ്ണി38) യാണ് എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രണതിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛന് കെ.പി.രത്നാകരനെ ശുശ്രൂഷിക്കാന്‍ ഹോളോവേ റോഡിലെ വീട്ടില്‍ എത്തിയതായിരുന്നു താനും അമ്മ രത്നപ്രഭയുമെന്നു പ്രണതി പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അരവിന്ദ് രത്നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്നമാണ് സംഭവത്തിനു പിറകിലെന്നു പൊലീസ് പറഞ്ഞു.

തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്ക്കൊപ്പം ചെന്നൈയില്‍ നിന്ന് ആഴ്ചകള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ വന്നതെന്നു പ്രണതി പറഞ്ഞു. തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും പ്രണതി പറഞ്ഞു.
മലയാളത്തിലെ ‘ഫോര്ദപീപ്പിള്’ ഉള്‍പ്പടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രണതി. മുന്‍കാല മലയാള ചലച്ചിത്ര നടന് ജോസിന്റെ മകളാണ് പ്രണതി.













