ബംഗളൂരു: എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്കിയ എഴുത്തുകാരനായിരുന്നു കര്‍ണാട്. പദ്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1998ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. എട്ടു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മഥേരാനിലാണ് ജനിച്ചത്.വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ല്‍ ബിരുദം നേടി. 1960-63 വരെ ഓക്സ്ഫഡ് യൂണിവര്‍സിറ്റിയില്‍ റോഡ്സ് സ്കോളര്‍ ആയിരുന്നു. ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇക്കണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി.ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെ സമകാലിക പ്രശ്നങ്ങളുമായി കൈകാര്യം ചെയ്യുന്ന രീതിയാണ് നാടകങ്ങളില്‍ സ്വീകരിക്കുന്നത്. സിനിമയില്‍ നടന്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ് കര്‍ണാട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദ്യനാടകം യയാതി (1961). സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍ സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാന നടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷയാണ്.













