ദേശീയപാത വികസനം: സര്‍വേ കനത്ത സുരക്ഷയില്‍, മലപ്പുറത്ത് ഇന്നും സംഘര്‍ഷം


മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വെള്ളിമുക്കില്‍ ഇന്നും സംഘര്‍ഷം. എ.ആര്‍ നഗറില്‍ നിന്നും ചേളാരി ഭാഗത്തേക്കുള്ള സര്‍വേ പുരോഗമിക്കവെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. ദേശീയപാതയ്‌ക്ക് സ്ഥലമേറ്റെടുക്കുന്നതിലൂടെ 32 വീടുകള്‍ നഷ്‌ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീടിനുള്ളില്‍ കയറി കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.


എന്നാല്‍ സര്‍വേയ്‌ക്കിടെ വീടിനുള്ളില്‍ കയറി കല്ലിടില്ലെന്ന് ഡപ്യൂട്ടി കളക്‌ടര്‍ ജെ.ഒ അരുണ്‍ വ്യക്തമാക്കി. നാല് യൂണിറ്റുകളിലായി സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍വേ ഇതുവരെ തടസപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.


ദേശീയപാതയുടെ സ്ഥലം 45 മീറ്ററിലധികം ഉണ്ടായിട്ടും ഒരു ഭാഗത്തു നിന്ന് മാത്രം സ്ഥലം എടുക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും തുല്യമായി സ്ഥലം ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ വളവും തിരിവും ഒഴിവാക്കാനാണ് ഈ വിധത്തില്‍ സ്ഥലം എടുക്കുന്നതെന്ന് ദേശീയപാത അധികൃതര്‍ പറയുന്നു.



Sharing is Caring