ദീപം അണഞ്ഞു; ഇനി ടോക്കിയോയില്‍


കഴിഞ്ഞ പതിനാറ് നാളുകള്‍ ലോകത്തിന് കായികമാമാങ്കത്തിന്റെ നിറവുകള്‍ സമ്മാനിച്ച 31-ാമത് ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ഇനി നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തുന്നത് ഏഷ്യയിലേക്ക്, ജപ്പാനിലെ ടോക്കിയോയില്‍. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെ സാക്ഷിനിര്‍ത്തി റിയോ മേയര്‍ എഡ്വാര്‍ഡോ പേസ് ടോക്കിയോ മേയര്‍ യൂറിക്കോ കോയിക്കെയ്ക്ക് ഒളിമ്പിക് പതാക ഔദ്യോഗികമായി കൈമാറി.


രണ്ടാം തവണയാണ് ഒളിമ്പിക്‌സ് ടോക്കിയോയിലേക്ക് എത്തുന്നത്. 1964-ലാണ് ആദ്യം ആതിഥേയത്വം വഹിച്ചത്. ഏഷ്യയില്‍ ഒളിമ്പിക്‌സ് എത്തുന്നത് നാലാം തവണ. 1988ല്‍ ദക്ഷിണ കൊറിയയിലെ സോളും 2008ല്‍ ചൈനയിലെ ബീജിങ്ങും വേദിയായി.
ഉദ്ഘാടന ചടങ്ങുകളെ വെല്ലുന്ന പരിപാടികളാണ് സമാപനത്തിന് മാരക്കാനയില്‍ അരങ്ങേറിയത്.


ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ച 4.30ന് ചടങ്ങുകള്‍ ആരംഭിച്ചത്. വിഖ്യാത കാര്‍ണിവല്‍ സംവിധായിക റോസ മല്‍ഹോയ്‌സാണ് സമാപനച്ചടങ്ങ് അണിയിച്ചൊരുക്കിയത്. ബ്രസീലിന്റെ തനതു കലകളും നൃത്തങ്ങളും വിസ്മയം തീര്‍ത്ത ചടങ്ങില്‍ അടുത്ത ഒളിമ്പിക്‌സിന്റെ വേദിയായ ജപ്പാന്റെ പരമ്പരാഗത കലാപരിപാടികളും കൊഴുപ്പുകൂട്ടി.

ജൂലിയ മൈക്കലിന്റെയും കിഗോയുടെയും ലെനിനെയുടെയും മാരിനെ ഡി കാസ്‌സ്‌ട്രോയുടെയും സംഗീത വിരുന്നും കാണികളുടെ മനം കവര്‍ന്നു. മൂന്നു മണിക്കൂറിലേറെയാണ് സമാപന ചടങ്ങുകള്‍ നീണ്ടുനിന്നത്. വര്‍ണ്ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്. നാലുവര്‍ഷത്തിനുശേഷം വീണ്ടും ടോക്കിയോയില്‍ കാണാമെന്ന് പറഞ്ഞ് കായികതാരങ്ങളും റിയോ ഡി ജനീറോയോട് വിടപറഞ്ഞു.

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക് ഇന്ത്യന്‍ പതാകയേന്തി.



Sharing is Caring