ദിലീപിന്റെ കുമരകത്തെ കയ്യേറ്റം: അന്വേഷണത്തിന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം


ജില്ലയിലെ കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് കയ്യേറിയെന്ന ആക്ഷേപം ഉയരുന്ന ഭൂമിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പുറമ്ബോക്കു സ്ഥലം ദിലീപ് കയ്യേറി മറിച്ചു വിറ്റതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഭൂമികയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും കേള്‍ക്കുന്നുണ്ട്. ചാലക്കുടിയില്‍ ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയത്തിന് വാങ്ങിയ ഭൂമിയിലും പുറമ്ബോക്ക് ഉണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2007 ല്‍ ദിലീപ് സെന്റിന് 70,000 രൂപയ്ക്ക് വാങ്ങിയ പുറമ്ബോക്ക് അടക്കമുള്ള ഭൂമി പിന്നീട് സെന്റിന് നാലരലക്ഷത്തിന് മുകളില്‍ വിലയ്ക്ക് വിറ്റത് രണ്ടര ഏക്കറോളമായിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇപ്പോള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ദിലീപ് കയ്യേറിയെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇതിലെ സര്‍ക്കാര്‍ ഭുമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നെങ്കിലും റവന്യൂ വകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും വിവരമുണ്ട്.
പരാതി പുറത്തു വന്ന സാഹചര്യത്തില്‍ ദിലീപ് ക്വട്ടേഷന്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിവരമുണ്ട്. ഭീഷണിയെ തുടര്‍ന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ലോക്കല്‍ പോലീസിന്റെ സംരക്ഷണയിലാണ് വസ്തു കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയത്. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വീണ്ടും കോടതി ഈ വര്‍ഷം ആദ്യം പരിഗണിച്ചപ്പോള്‍ സ്ഥലം വിറ്റതിനാല്‍ റിട്ട് പെറ്റീഷനുമായി മുമ്ബോട്ട് പോകാനാകില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
തൃശൂരില്‍ ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയിലെ ഒരേക്കര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തല്‍ ദിലീപിനെതിരേ അന്വേഷണത്തിന് റവന്യൂമന്ത്രി ജിലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ആഡംബര കെട്ടിട സമുച്ചയം സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മ്മിച്ചത് എന്നാണ് ആരോപണം. സര്‍ക്കാര്‍ ഭൂമി 2005 ല്‍ എട്ട് ആധാരമുണ്ടാക്കി പല ഭാഗങ്ങളാക്കി ആധാരം ചെയ്ത് മൊത്തത്തില്‍ ദിലീപ് വാങ്ങുകയായിരുന്നെന്നാണ് ആരോപണം.




Sharing is Caring