അനധികൃത സ്വത്തുസമ്ബാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എഡി.എം.കെ ( അമ്മ ) ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതിന് തെളിവായി വീഡിയോ പുറത്ത്. ഒരു കന്നട ചാനലാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തു വിട്ടത്
ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയെ വീഡിയോയില്‍ കാണാം. ജയില്‍ വസ്ത്രം ധരിക്കാതെ പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച് ഭക്ഷണ പാത്രവുമായി സെല്ലിലേക്ക് നടന്നു കയറുന്ന ശശികലയുടെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. നേരത്തെ ശശികലയ്ക്ക് വിഐപി ലഭിക്കുന്നുവെന്ന് പൊലീസ് ഓഫീസര്‍ ഡി.രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.
ശശികലയ്ക്ക് വേണ്ടി മാത്രം ജയിലില്‍ അഞ്ച് സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകള്‍ മറ്റ് തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും രൂപ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രൂപ ഇക്കാര്യം സൂചിപ്പിച്ചത്.
ശശികലയ്ക്ക് വേണ്ടി മാത്രം പ്രത്യേകം അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിന്നുളള കൗണ്ടറുകളിലൂടെയാണ് ശശികലയ്ക്ക് ഭക്ഷണം നല്‍കുന്നത്. അവര്‍ക്ക് കിടക്കാന്‍ പ്രത്യേക ബെഡ്ഡും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും ദീപയുടെ റിപ്പോര്‍ട്ടിലുണ്ട്. രണ്ടുകോടി രൂപ പ്രതിഫലം വാങ്ങിയാണ് ശശികലയ്ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന ആരോപണവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ദീപയുടെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി എച്ച്എസ്എന്‍ റാവു നിഷേധിച്ചെങ്കിലും രൂപ സ്വന്തം നിലപാടില്‍ നിന്നു പിന്നോട്ട് പോയില്ല. വിവാദമായ വെളിപ്പെടുത്തലുകള്‍ പുറത്തു വിട്ടതിനു പിന്നാലെ രൂപയെ സ്ഥലം മാറ്റുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്രാഫിക് വിഭാഗത്തിലേക്ക് ദീപയെ സ്ഥലം മാറ്റിയതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.














