ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും


നടി ആക്രമിക്കപ്പെട്ട് കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെ കുറിച്ചും കത്തിനെക്കുറിച്ചും പള്‍സര്‍ സുനിയെക്കുറിച്ചും ഇരുവരും നല്‍കിയത് വ്യത്യസ്ത മൊഴികളായതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
നേരത്തെ ഇരുവരെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് 12 മണിക്കൂറിലേറെ നീണ്ടത് വിവാദമായിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടതെന്നാണ് പോലീസ് പറയുന്നത്. കേസിലെ പ്രധാനപ്പെട്ട വിവരങ്ങളില്‍ പോലും ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പള്‍സര്‍ സുനിയുടെ ഫോണ്‍ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താന്‍ പറഞ്ഞതെന്നാണ് നാദിര്‍ഷാ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളായതിനാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം തന്റെ ലൊക്കേഷനുകളില്‍ ഒന്നും പള്‍സര്‍ സുനി എത്തിയിട്ടില്ല. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ല തുടങ്ങിയ നിലപാടാണ് ദിലീപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് പറയുന്ന കാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
അതുകൊണ്ട് തന്നെയാണ് ഇരുവരെയും ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം എത്തിയിട്ടുള്ളത്. എന്നാല്‍ ചോദ്യം ചെയ്യല്‍ എപ്പോള്‍ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ദിലീപും നാദിര്‍ഷയും നല്‍കുന്ന മൊഴികളില്‍ പലതരത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേസിന്റെ അന്വേഷണം അധികം നീണ്ടുപോകില്ല. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ട്.
ദിലീപിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജോര്‍ജ്ജേട്ടന്‍സ് പൂരം സിനിമയുടെ പ്രൊഡക്ഷന്‍ ചുമതയിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഏത് സാഹചര്യത്തിലാണ് പള്‍സര്‍ സുനി എത്തിയത്. ഇയാളുടെ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നോ, ലൊക്കേഷനിലെ ആരൊക്കെയായിട്ടാണ് പള്‍സര്‍ സുനി ബന്ധപ്പെട്ടിട്ടുള്ളത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കും.
അതൊടൊപ്പം തന്നെ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ സിസിടിവ ദൃശ്യങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി പോലീസ് കാത്തിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്കില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട ദിവസങ്ങള്‍ക്ക് മുമ്ബോ അതിന് ശേഷമോ പള്‍സര്‍ സുനി ഈ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. 10 ദിസത്തെ ദൃശ്യങ്ങള്‍ മാത്രമെ ഈ ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിക്കാന്‍ സാധിക്കു എന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താന്‍ ഇവിടെ എത്തിയിരുന്നതായി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. അതിനാല്‍ ഹാര്‍ഡ് ഡിസിക് പരിശോധിച്ചതിന്റെ ശാസ്ത്രീയ ഫലം അന്വേഷണത്തില്‍ നിര്‍ണായകമായി മാറും.




Sharing is Caring