യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജോര്‍ജേ്ജട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ദിലീപിന്റെ സെല്‍ഫി ദൃശ്യങ്ങളില്‍ പള്‍സര്‍ സുനിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ നാലു വര്‍ഷം മുമ്ബുള്ള ദിലീപ് സിനിമകളുടെ പശ്ചാത്തലം കൂടി പോലീസ് അന്വേഷണ വിധേയമാക്കുന്നു. 2013 ല്‍ ദിലീപ് അഭിനയിച്ച സെറ്റുകളില്‍ സുനിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ജോര്‍ജേ്ജട്ടന്‍സ് പൂരം സിനിമയുടെ സെറ്റിലെ സെല്‍ഫി ചിത്രത്തിനൊപ്പം നേരത്തേ സുനി എഴുതിയ കത്തില്‍ പറഞ്ഞിരുന്ന ‘സൗണ്ട് തോമ മുതല്‍ ജോര്‍ജേ്ജട്ടന്‍സ് പൂരം സിനിമ വരെയുള്ള സംഭവങ്ങള്‍’ പരാമര്‍ശം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ സുനിക്കും ദിലീപിനും തമ്മിലുള്ള ബന്ധം വേര് തിരിച്ചെടുക്കാനാണ് പോലീസിന്റെ ശ്രമം. താന്‍ പള്‍സര്‍ സുനി എന്നയാളെ മുമ്ബ് കണ്ടിട്ടു പോലുമില്ലെന്നാണ് ദിലീപ് നേരത്തേ പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ദിലീപുമായി ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നു എന്ന് തന്നെയാണ് പോലീസ് അനുമാനിക്കുന്നത്.
ദിലീപ് കൂടി ഉള്‍പ്പെട്ട സെറ്റില്‍ സുനിയുടെ സാന്നിദ്ധ്യമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ 2013 മുതലുള്ള ദിലീപ് സിനിമകളുടെ സെറ്റില്‍ സുനിയുണ്ടായിരുന്നോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം അമ്ബതും അറുപതും പേര് ജോലി ചെയ്യുന്ന സിനിമാ ഷൂട്ടിംഗ് മേഖലയില്‍ താരങ്ങള്‍ക്ക് എല്ലാവരുമായി പരിചയം ഉണ്ടാകാനുള്ള സാധ്യതയുമില്ല. എന്നാല്‍ സിനിമാ സെറ്റില്‍ ഉപയോഗിക്കപ്പെടേണ്ട ഡ്രൈവര്‍മാര്‍ക്ക് ഫെഫ്കയില്‍ അംഗത്വം ഉണ്ടായിരിക്കണം എന്ന നിബന്ധന നില നില്‍ക്കേ ഇതൊന്നുമില്ലാതെ സുനി എങ്ങിനെ സെറ്റില്‍ നടീനടന്മാരുടെ ഡ്രൈവറായി എന്ന ചോദ്യവും ഉയരുന്നുണ്ട്. സുനി ഡ്രൈവറായി എത്തിയത് ആരുടെയെങ്കിലും സ്വാധീനം വെച്ചാണോ എന്നാണ് സംശയം.
ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ പിന്നാലെ മുമ്ബ് ഏതൊക്കെ ദിലീപ് സിനിമയുടെ സെറ്റില്‍ ഇയാള്‍ ഉണ്ടായിരുന്നു എന്ന് പരിശോധിക്കുന്നു. അതില്‍ പള്‍സറിന്റെ റോള്‍ എന്തായിരുന്നു എന്നും പരിശോധിക്കുന്നുണ്ട്. 2013 മുതല്‍ തനിക്ക് ദിലീപിനെ അറിയാം എന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. സിനിമാ മേഖലയില്‍ ദിലീപിനെയും നാദിര്‍ഷയെയും അവരുമായി ബന്ധപ്പെട്ടവരുടേയും വീട്ടുകാരേയുമെല്ലാം ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ദിലീപ് കേസില്‍ നേരിട്ട് ബന്ധപ്പെട്ടതിന്റെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന പോലീസ് നാദിര്‍ഷയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നത്. കേസില്‍ നാദിര്‍ഷയുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.
നാദിര്‍ഷയാണ് പള്‍സര്‍ സുനിയെ ഏല്‍പ്പിച്ചതെങ്കില്‍ അത് ആരുടെയെങ്കിലും പ്രേരണ കൊണ്ടായിരിക്കുമെന്നും അത് ആരാണെന്ന് കണ്ടെത്തിയാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നും പോലീസ് കരുതുന്നു. കേസില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. എന്നാല്‍ അത് ആരെയൊക്കെയാണ് എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്.













