ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി


ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്‌ട്രേലിയക്ക് നാണംകെട്ട തോല്‍വി. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ഒരു മത്സരം പോലും ജയിക്കാന്‍ കംഗാരുക്കള്‍ക്കായില്ല. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇത്തരണം തോല്‍വി നേരിട്ടത്.


പരമ്പരയിലെ അവസാന മത്സരത്തില്‍ 31 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കംഗാരുക്കളെ കശാപ്പുചെയ്തത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കഎട്ട് വിക്കറ്റിന് 328 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പോരാട്ടം 48.2 ഓവറില്‍ 296 റണ്‍സില്‍ അവസാനിച്ചു.


നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ് കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. സ്‌കോര്‍ 52 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ ഡികോക്കി (12)നെയും ഹാഷിം ആംലയെയും (25), ക്യാപ്റ്റന്‍ ഡുപ്ലെസിസിനെയും (11) നഷ്ടമായി. നാലാം വിക്കറ്റില്‍ റീലി റൂസോയും ജെ.പി. ഡുമ്‌നിയും ചേര്‍ന്ന് നേടിയ 178 റണ്‍സാണ് ആതിഥേയരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

റിലീ റൂസോയും 118 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 122 റണ്‍സെടുത്തപ്പോള്‍ ഡുമ്‌നി 75 പന്തില്‍ 8 ബൗണ്ടറികളോടെ 73 റണ്ണെടുത്തു. 29 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ഡേവിഡ് മില്ലറും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി ട്രെമെയ്ന്‍, മെന്നി എന്നിവര്‍ മുന്നും ബോളണ്ട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഒറ്റക്ക് പൊരുതിയെങ്കിലും ടീമിനെ ആശ്വാസ ജയത്തിലെത്തിക്കാനായില്ല. വാര്‍ണര്‍ 136 പന്തില്‍ നിന്ന് 24 ബൗണ്ടറികളോടെ 173 റണ്‍സെടുത്തു. ടീം സ്‌കോര്‍ 288ല്‍ നില്‍ക്കെ വാര്‍ണര്‍ റണ്ണൗട്ടായത് കളിയില്‍ നിര്‍ണായകമായി. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്‌സില്‍ മിച്ചല്‍ മാര്‍ഷും ടിം ഹെഡും 35 റണ്‍സ് വീതവും ആരോണ്‍ ഫിഞ്ച് 19 റണ്‍സും നേടി. ഡേവിഡ് വാര്‍ണറാണ് കളിയിലെ കേമന്‍.



Sharing is Caring