നിസാന്‍ 932 ഡാറ്റ്സണ്‍ റെഡി ഗോ തിരിച്ചുവിളിക്കുന്നു


ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ഡാറ്റ്സണ്‍ ബ്രാന്‍ഡില്‍ പുറത്തിറക്കിയ 932 യൂണിറ്റ് റെഡി ഗോ കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2016 മെയ് 18-വരെ നിര്‍മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് ജൂണിലാണ് റെഡി ഗോ നിരത്തിലെത്തിയത്.
വാഹനത്തിന്റെ ഫ്യുവല്‍ സിസ്റ്റത്തിലെ തകരാറാണ് തിരിച്ചുവിളിക്കല്‍ നടപടിയിലേക്ക് നീങ്ങാന്‍ കമ്ബനിയെ നിര്‍ബന്ധമാക്കിയത്. ഇതേ കാരണത്താല്‍ വിപണിയില്‍ റെഡി ഗോയുടെ മുഖ്യ എതിരാളികളായ റെനോ ക്വിഡ് മോഡലിന്റെ 50000-ത്തോളം യൂണിറ്റുകള്‍ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.


ഇരു മോഡലുകളും ചെന്നൈയിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തിലാണ് നിര്‍മിക്കുന്നത്.
പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ കമ്ബനി നേരിട്ട് ബന്ധപ്പെടും, പരിശോധനയും അറ്റകുറ്റപണിയും തീര്‍ത്തും സൗജന്യമായിരിക്കുമെന്നും ഡാറ്റ്സണ്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിപണിയിലെത്തി നാലു മാസത്തിനുള്ളില്‍ ഏകദേശം 14000-ത്തോളം റെഡി ഗോ യൂണിറ്റാണ് വിറ്റഴിച്ചത്. ദീപാവലി സീസണ്‍ ലക്ഷ്യമിട്ട് റെഡി ഗോയുടെ സ്പോര്‍ട്സ് എഡിഷനും രണ്ടാഴ്ച മുന്‍പ് കമ്ബനി പുറത്തിറക്കിയിരുന്നു.




Sharing is Caring