തോക്കുമായി സെല്‍ഫി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു


ദില്ലി: ദില്ലിയില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.


ഇരുപത്തിരണ്ടുകാരനായ വിജയ് ആണ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചത്. ദില്ലി വിജയ് വിഹാര്‍ സ്വദേശിയാണ് ഇയാള്‍. സുഹൃത്തുക്കളോടൊപ്പമാണ് വിജയ് തോക്ക് ചൂണ്ടിക്കൊണ്ട് സെല്‍ഫിക്ക് പോസ് ചെയ്തത്. ലൈസന്‍സുള്ള തോക്ക് വിജയിയുടേത് തന്നെയാണ് പൊലീസ് സ്ഥിരീകരിച്ചു.


യുവാവ് നേരത്തെ ഇത്തരത്തില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ അപകട മരണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം വിജയിയുടേത് കൊലപാതകമാണെന്നാരോപിച്ച്‌ കുടുംബം രംഗത്തെത്തി.

കഴിഞ്ഞ മാര്‍ച്ച്‌ ഒമ്പതിനാണ് സമാനമായ രീതിയില്‍ ദില്ലിയിലെ സരിത നഗറില്‍ ടീച്ചര്‍ കൊല്ലപ്പെട്ടിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെ ബന്ധുവായ പതിനേഴുകാരന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Sharing is Caring