തെലുങ്കാന മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചെലവാക്കിയ കൂറ്റന്‍ വീട്ടിലേക്ക്; ബാത്തറൂം വരെ ബുള്ളറ്റ് പ്രൂഫ്


തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷാ സംവിധാനത്തില്‍ ശുചിമുറി പോലും ബുള്ളറ്റ് പ്രൂഫ്. ഈച്ച പോലും കടക്കാത്ത വിധത്തില്‍ വീട്ടിലും പുറത്തും നല്‍കിയിട്ടുള്ള ഇസഡ് ക്യാറ്റഗറി സുരക്ഷയ്ക്കും ‘മൈന്‍ പ്രൂഫ്’ കാറിനും പുറമേ ബെഗുംപേട്ടിലെ പുതിയ വീട്ടിലെ ശൗചാലയമാണ് ബുള്ളറ്റ്പ്രൂഫ് ആക്കിയിട്ടുള്ളത്.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന്‍റെ വെന്‍റിലേറ്ററിലും ജനാലകളിലും ബുള്ളറ്റ്പ്രൂഫ് ഗ്ളാസുകളാണ് ഉപയോഗിച്ചിട്ടുള്ളത്. റാവുവിനും മകന്‍ കെടിആറിനും വേണ്ടിയുള്ള രണ്ടു ബാത്ത്റൂമുകളില്‍ ഉയര്‍ന്ന നിലവാരമുള്ള ഇത്തരം ഗ്ളാസ്സുകളാണ് ഉപയോഗിച്ചിട്ടുള്ളത്.


എല്ലാറ്റിനുമായി ലക്ഷങ്ങളാണ് പൊടിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അതീവ സുരക്ഷ റാവുവിന്‍റെ വസതിയില്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. സ്നൈപ്പര്‍ ആക്രമണത്തിന് പോലുമുള്ള സാധ്യത കണക്കിലെടുത്താണ് വെന്‍റിലേഷന്‍ വരെ ബുള്ളറ്റ്പ്രൂഫിലാക്കുന്നത്.
വ്യാഴാഴ്ച ചന്ദ്രശേഖര്‍ റാവു ഇവിടേയ്ക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയുധ ധാരികളായ 50 ലധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം ഓഫീസായി കൂടി ഉപയോഗിക്കാനിരിക്കുന്ന വീട്ടില്‍ സുരക്ഷനല്‍കും. വിഐപി സുരക്ഷ നല്‍കുന്ന ഇന്‍റലിജന്‍്സ് സെക്യുരിറ്റി വിംഗിനാണ് സുരക്ഷാ ചുമതല. ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നവര്‍ ഫോണുകള്‍ വാച്ചുകള്‍ തുടങ്ങി ലോഹ ഉല്‍പ്പന്നങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയും വരും. ഓഫീസായി കൂടി ഉപയോഗിക്കാനുള്ളതാണ് ബംഗ്ളാവ്. അതുകൊണ്ട് തന്നെ ഈ വീടിനായി ചെലവഴിച്ച തുകകള്‍ ഒരു അധികചെലവായി കണക്കാക്കേണ്ടെന്നാണ് നിര്‍ദേശം.




Sharing is Caring