തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും


നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കണ്‍വീനര്‍ പി പി തങ്കച്ചന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഘടകകക്ഷികള്‍ക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഉമ്മന്‍ചാണ്ടിയെ വീണ്ടും യുഡിഎഫ് ചെയര്‍മാനായി യോഗം തെരഞ്ഞെടുക്കും.


തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പല ഘടകകക്ഷികളും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ വിമര്‍ശനങ്ങള്‍ ഇന്നത്തെ യോഗത്തിലും ആവര്‍ത്തിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായി പരാജയമടഞ്ഞ ആര്‍എസ്പി, ജെഡിയു എന്നീ പ്രമുഖ കക്ഷികള്‍ തങ്ങളുടെ നിര്‍ണായക നിലപാടുകള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും. യുഡിഎഫിലേക്ക് വരാനുള്ള തീരുമാനം തെറ്റായിരുന്നെന്നായിരുന്നു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് തോല്‍വിക്ക് ശേഷം പ്രതികരിച്ചത്. യുഡിഎഫിലേത് ബൂര്‍ഷ്വാ സംവിധാനം ആണെന്നും അസീസ് വിമര്‍ശിച്ചിരുന്നു.




Sharing is Caring