മനുഷ്യരാശിയുടെ ശത്രുവാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു. രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ തീവ്രവാദികള്‍ പരാജയപ്പെടുമെന്നും തീവ്രവാദത്തെ പിന്തുണക്കുന്നവരെ വെറുതേ വിടരുതെന്നും ഉത്തര്‍പ്രദേശിലെ ലക്നോവില്‍ ദസറ ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കവെ മോദി പറഞ്ഞു.തീവ്രവാദം ക്രമസമാധാനപ്രശ്നമല്ല. ലോകം മുഴുവന്‍ ഇന്ന് തീവ്രവാദഭീഷണിയിലാണ്. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണ്. തീവ്രവാദത്തിനെതിരെ ലോകം മുഴുവന്‍ ഒരുമിച്ച് നില്‍ക്കണം. സ്ത്രീയുടെ അഭിമാനത്തിനായി ഭീകരതയ്ക്കെതിരേ പൊരുതിയ ആദ്യ പോരാളിയായ ജഡായുവിനെ രാമായണത്തില്‍ കാണാന്‍ സാധിക്കും. നമുക്കെല്ലാവര്‍ക്കും രാമന്‍ ആകാന്‍ സാധിക്കില്ലെങ്കിലും ജഡായു എങ്കിലും ആകാന്‍ ശ്രമിക്കാം- മോദി പറഞ്ഞു.
യുദ്ധം ചെയ്ത് പരിചയമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ യുദ്ധത്തിന്റെ വഴിയല്ല ബുദ്ധന്റെ വഴിയാണ് ഇന്ത്യയുടേതെന്നും മോദി പറഞ്ഞു. തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയ ആഘോഷമാണ് ദസറ. നാം നമ്മുടെ മനസുകളിലെ തിന്‍മയെ അവസാനിപ്പിക്കുന്നതാകണം ലക്ഷ്യമാക്കേണ്ടത്. തലമുറകളായി കൈമാറിവരുന്ന പാരമ്ബര്യങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ദാരിദ്ര്യവും നിരക്ഷരതയും രാവണന്റെ മറ്റൊരു വകഭേദങ്ങളാണ്. അതുകൊണ്ട് ഈ വര്‍ഷം നമുക്ക് ഇവയൊക്കെ അഗ്നിക്കിരയാക്കാം- മോദി കൂട്ടിച്ചേര്‍ത്തു.













