മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് മണിയന്തടം പനവേലില്‍ അനിധരന്റെയും രേഖയുടെയും മകള്‍ നന്ദനയാണ് (17) ഇന്നലെ പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു ആത്മാഹുതി ശ്രമം. പിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്കൂളിലെ പ്രധാന അദ്ധ്യാപിക സുനിതാ രമണിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പരീക്ഷ തുടങ്ങും മുമ്ബ് അദ്ധ്യാപകരുടെ പരിശോധനയ്ക്കിടെ നന്ദനയുടെ ബാഗില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു.
തുടര്‍ന്ന് പ്രധാന അദ്ധ്യാപിക ഓഫീസില്‍ വിളിച്ചുവരുത്തി നന്ദനയോട് വിവരങ്ങള്‍ തിരക്കി. മാതാപിതാക്കളെ കൂട്ടി വരണമെന്നും നിര്‍ദേശിച്ചിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ നന്ദന അയല്‍പക്കത്തു നിന്ന് മണ്ണെണ്ണ വാങ്ങിക്കൊണ്ടുവന്നാണ് തീകൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ നന്ദനയുടെ മൊഴി ഏറ്റുമാനൂര്‍ മജിസ്ട്രേട്ട് രേഖപ്പടുത്തിയിട്ടുണ്ട്.
പ്രധാന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചതാണ് നന്ദനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് പിതാവ് വാഴക്കുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.














