മുതിര്‍ന്ന നേതാവ് സമീര്‍ കാന്താറിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ഇസ്രയേലാണ് സമീറിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുള്ള നേതാവ് ഹസന് നസ്റുള്ള ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും നല്കി.
കഴിഞ്ഞ ദിവസം സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ജരമനയിലെ കെട്ടിടത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് സമീര്‍ കാന്താര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.

തങ്ങളുടെ പ്രതിരോധത്തിന്റെ മുന്‍നിര പോരാളിയായാണ് സമീര്‍ കാന്താറിനെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. കനത്ത തിരിച്ചടി ഏത് സമയവും ഇസ്രയേലിന് പ്രതീക്ഷിക്കാമെന്നും ഹസന് നസ്റുള്ള ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. സമീര്‍ കാന്താറിന്റെ കബറടക്കത്തിന് തൊട്ടു പിന്നാലെയാണ് ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള തലവന്‍ ഹസന് നസ്റുള്ള രംഗത്തെത്തിയത്.
അതേ സമയം സമീറിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിഷേധിക്കാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല. നേരത്തെ ആറ് തവണ സമീറിനെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ ശ്രമിച്ചിരുന്നതായി സഹോദരന് ബാസിം കാന്താര്‍ ലബനീസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു.













