ഹൈടെക് എടിഎം കവര്‍ച്ചകേസില്‍ അറസ്റ്റിലായ റുമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മാരിയനെ കേരളത്തിലെത്തിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് ഗബ്രിയേലിനെ തിരുവനന്തപുരതെത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് റുമാനിയന്‍ ക്രയോവ് സ്വദേശിയായ ഗബ്രിയേലിനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ശാസ്ത മംഗലം സ്വദേശി അരുണിന്റെ അക്കൌണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിച്ച് മടങ്ങവെയാണ് ഇയാളെ കേരളപൊലീസും മുംബൈ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ അറസ്റ്റിലായത്. അതിനിടെ ഗബ്രിയേലിനെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത് മുംബൈയിലെ ടാക്സി ഡ്രൈവര്‍ നല്കിയ മൊഴിയാണെന്നാണ് സൂചന. ഇയാളാണ് ഗബ്രിയേലിനെ മുംബൈയില്‍ ഹോട്ടലില്‍ കൊണ്ട് ആക്കിയത്. എടിഎം തട്ടിപ്പിന് പിന്നില്‍ പിന്നില്‍ റുമാനിയന്‍ സ്വദേശികളായ നാലംഗ സംഘമാണെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ബോഗ്ബീന്‍ ഫ്ളോറിയന്‍, ക്രിസ്റ്റെന് വിക്ടര്‍, ഇയോണ്‍ സ്ളോറി എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെ ഏതാനുംപേരുടെ അക്കൌണ്ടില്‍നിന്ന് എടിഎംവഴി പണം പിന്‍വലിച്ചത് കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎമ്മില്‍നിന്ന് കാമറ ഘടിപ്പിച്ച സ്മോക് സെന്‍സര്‍ ഉപകരണം കണ്ടെടുത്തു. ഈ കാമറ ഉപയോഗിച്ചായിരുന്നു ഇടപാടുകാരുടെ പിന് നമ്പരടക്കം ചോര്‍ത്തിയത്. ഇവിടത്തെ കാമറയില്‍നിന്ന് മൂന്നുവിദേശികള് ഈ ഉപകരണം കൌണ്ടറിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്.













