തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി തുടരുന്നു


കൊച്ചി;തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി തുടരുന്നു. മേയര്‍ സ്ഥാനത്തെ ചൊല്ലി പരസ്യപ്രസ്താവനകളുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലും മുന്‍ മേയര്‍ ടോണി ചമ്മിണിയുമാണ് അവസാനം കൊമ്പുകോര്‍ത്തത്. ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് സീറ്റ് കുറയുമെന്ന് എന്‍ വേണുഗോപാല്‍ പറഞ്ഞു. അതേ സമയം മേയര്‍ ലത്തീന്‍ സമുദായത്തില്‍നിന്ന് വേണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ എട്ട് സീറ്റ് കുറയുമെന്ന് പറഞ്ഞ വേണുഗോപാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ത്തി. മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തിന് കൊടുക്കുന്നത് അപമാനകരമൊന്നുമല്ല.കോണ്‍ഗ്രസുകാര്‍ തന്നെ കോണ്‍ഗ്രസുകാരെ തോല്‍പ്പിയ്ക്കാന്‍ രംഗത്തിറങ്ങി.കോണ്‍ഗ്രസുകാര്‍ വിമതരെ വ്യാപകമായി പിന്തുണച്ചു. ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് പരിധി വിട്ട് സീറ്റ് നല്‍കിയെന്നും വേണുഗോപാല്‍ ആരോപിച്ചു.അതേ സമയം എന്‍ വേണുഗോപാല്‍ തീരുമാനിക്കുന്ന ആളല്ല മേയറാകുകയെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി തിരിച്ചടിച്ചു. ഫലം വന്നുകഴിഞ്ഞ് കോണ്‍ഗ്രസ് പാര്‍ടിയാണ് മേയറെ തീരുമാനിക്കുകയെന്നും അവിടെ ജാതി മത പരിഗണനയൊന്നും ഉണ്ടാകില്ലെന്നും ടോണി കൂട്ടിചേര്‍ത്തു. എന്‍.വേണുഗോപാലിന്റെ ആരോപണത്തെ എറണാകുളം ഡിസിസിയും തള്ളി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് വ്യക്തമാക്കി. സീറ്റ് നിര്‍ണയത്തില്‍ പങ്കാളിയായിരുന്ന വേണുഗോപാല്‍ അപ്പോള്‍ പരാതി ഉന്നയിക്കാതെ ഇപ്പോള്‍ വിമര്‍ശനവുമായി വരുന്നത് ശരിയല്ലെന്നണും പൗലോസ് പറഞ്ഞു. നേരത്തെ മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്രക്കെതിരെ കടുത്ത ആരോപണങ്ങളാണ് എന്‍ വേണുഗോപാലും ടോണി ചമ്മിണിയും നടത്തിയത്.




Sharing is Caring