താക്കോല്‍ കളഞ്ഞു; ശ്രീപദ്മനാഭസ്വാമി ക്ഷേത്രവാതിലിന്റെ പൂട്ടുകള്‍ തകര്‍ത്തു


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുകഴിഞ്ഞ് നരസിംഹസ്വാമിയുടെ വിഗ്രഹം ശ്രീകോവിലില്‍ തിരികെവച്ചത് വാതില്‍പ്പൂട്ട് തല്ലിത്തകര്‍ത്തശേഷം. തെക്കേടത്ത് ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഈ ശ്രീകോവിലിലെ രണ്ടുപൂട്ടുകളുടെയും താക്കോലുകള്‍ കാണാതായതാണ് കാരണം.


തിങ്കളാഴ്ച വൈകിട്ട് നാലിന് ആറാട്ടിനായി ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും ശീവേലി വിഗ്രഹങ്ങള്‍ പുറത്തെടുത്തശേഷം പെരിയശാന്തിമാര്‍ ശ്രീകോവിലുകളുടെ താക്കോലുകള്‍ കാവല്‍ക്കുറുപ്പിനെ ഏല്‍പ്പിക്കുകയാണ് പതിവ്. ആറാട്ടുകഴിഞ്ഞ് ദേവന്മാര്‍ തിരികെ എത്തുന്നതുവരെ താക്കോലുകള്‍ സൂക്ഷിക്കുക കുറുപ്പിന്റെ ചുമതലയാണ്. ഇത്തവണയും പെരിയശാന്തിമാര്‍ താക്കോലുകള്‍ കുറുപ്പിനെ ഏല്‍പ്പിച്ചു.


എന്നാല്‍ രാത്രി ഒമ്പതോടെയാണ് തെക്കേടത്ത് ശ്രീകോവിലിന്റെ രണ്ടു താക്കോലുകളും നഷ്ടപ്പെട്ടവിവരം അധികൃതരുടെ ശ്രദ്ധയില്‍ പ്പെട്ടത്. ക്ഷേത്രജീവനക്കാര്‍ താക്കോലുകള്‍ തേടി പരക്കം പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം പൂട്ടുതകര്‍ത്ത് വാതില്‍ തുറന്നാണ് നരസിംഹവിഗ്രഹം തിരിച്ചെഴുന്നെള്ളിച്ചു വച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന പുഷ്പാഞ്ജലി സ്വാമിയാരെ അവരോധിക്കുന്ന ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് താക്കോലുകള്‍ കാണാതായതും പൂട്ടുകള്‍ തല്ലിത്തകര്‍ത്തതും.

ഇത് കടുത്ത ദേവകോപത്തിന്റെ സൂചനയാണെന്ന് ഭക്തര്‍ പറയുന്നു. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നിരന്തരം തുടരുന്ന ആചാരലംഘനങ്ങളുടെ പരിണിതഫലമാണ് ഇത്തരം സംഭവങ്ങളെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതീവ സുരക്ഷാമേഖലയായ ക്ഷേത്രത്തില്‍ നിന്ന് വസ്തുക്കള്‍ കാണാതാകുന്നതു തുടര്‍ക്കഥ ആയിരിക്കുകയാണ്. മാര്‍ച്ച് 25 ന് ക്ഷേത്രത്തില്‍ നിന്ന് ശംഖ് മോഷ്ടിച്ചിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പോലീസ് ഉത്തരഖണ്ഡ് സ്വദേശിയില്‍ നിന്ന് ശംഖ് കണ്ടെടുത്ത്് ക്ഷേത്രത്തില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.



Sharing is Caring