‘തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട’- ബി.ജെ.പിക്ക് താക്കീതുമായി ഉദ്ധവ് താക്കറെ


തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ബി.ജെ.പിയോട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ.


‘നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല’- താക്കറെ പറഞ്ഞു. നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.


‘ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരു കാലത്താണ് ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നത്. ഇനി ഞങ്ങളെക്കൊണ്ട് ഉപകാരമില്ലെന്ന് അവര്‍ ചിന്തിക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് കാണാം’, ഉദ്ധവ് താക്കറെ പറയുന്നു. ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി ബി.ജെ.പി എന്ത് സൈദ്ധാന്തിക ബന്ധമാണ് സ്ഥാപിച്ചതെന്നും ജമ്മുവിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് പെട്രോള്‍ വില വര്‍ധിക്കുന്നതിനെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. പാകിസ്താനില്‍ വരെ പെട്രോളിന് വിലകുറവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കണമെന്നും ഉദ്ധവ് താക്കറെ അണികളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.



Sharing is Caring