പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും ഡോണ്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറുമായ സിറില്‍ അല്‍മേഡയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിദേശയാത്രാ വിലക്ക് പാകിസ്ഥാന്‍ പിന്‍വലിച്ചു. സൈന്യവും ഗവണ്‍മെന്റും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായെന്ന് കാണിച്ചുള്ള സിറിലിന്റെ റിപ്പോര്‍ട്ടാണ് പാക് ഗവണ്‍മെന്റിനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് രാജ്യം വിട്ടുപോകുന്നത് വിലക്കുന്ന എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ അല്‍മേഡയേയും ഉള്‍പ്പെടുത്തുകയായിരുന്നു.
മാദ്ധ്യമപ്രവര്‍ത്തകന് യാത്രാ വിലക്കേര്‍പ്പെടുത്തിയ പാകിസ്ഥാന്റെ നടപടി വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കാന്‍ പാക് ഗവണ്‍മെന്റ് തീരുമാനിച്ചത്.ഐ.എസ്.ഐയും സൈന്യവും ഒരു ഭാഗത്തും ഗവണ്‍മെന്റ് മറുഭാഗത്തുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് ഭീകര സംഘടനകളെ നേരിടുന്നതടക്കമുള്ള പ്രശ്നങ്ങളിലുള്ളതെന്ന് സിറില്‍ അല്‍മേഡ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീകരസംഘടനകളെ സംരക്ഷിക്കുന്നതും സഹായം നല്‍കുന്നതും ഐ.എസ്.ഐയും സൈന്യവുമാണെന്ന ആരോപണം ശക്തമാണ്. ഏതായാലും അല്‍മേഡയെ ഇ.സി.ടിയില്‍ നിന്ന് ഒഴിവാക്കിയതായി ഗവണ്‍മെന്റ് അറിയിച്ചു. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ മാദ്ധ്യമ സംഘടനാ പ്രതിനിധികളുമായി ഇസ്ലാമബാദില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിലക്ക് നീക്കിയത്.














