ഡെങ്കിപ്പനിബാധിതരുടെ എണ്ണത്തില്‍ കോഴിക്കോടും മലപ്പുറവും മുന്നിലേക്ക്


ഡെങ്കിപ്പനിബാധയില്‍ ജില്ലയില്‍ ഒരുമരണംകൂടി. മുതലമട സ്രാമ്പിച്ചള്ളയിലെ ദീപയാണ് (31) തൃശ്ശൂര്‍ മെഡിക്കല്‍കോളേജാസ്​പത്രിയില്‍ മരിച്ചത്. ഇതോടെ, ജില്ലയില്‍ ഡെങ്കിപ്പനിബാധിച്ച് മരിച്ചവര്‍ രണ്ടായി. മൂന്നുമരണങ്ങള്‍ ഡെങ്കിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.


ചൊവ്വാഴ്ചയോടെ പാലക്കാട് ജില്ലയിലെ ആസ്​പത്രികളില്‍ ഡെങ്കിപ്പനിബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും കോഴിക്കോട്ട് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. തിരുവനന്തപുരത്താണ് രോഗലക്ഷണങ്ങളോടെ ഏറ്റവുമധികം പേര്‍ ചികിത്സതേടിയിട്ടുള്ളത്. കഴിഞ്ഞ ഒരുമാസത്തെ കണക്കനുസരിച്ച് പാലക്കാട് രണ്ടാംസ്ഥാനത്തായിരുന്നു. എന്നാല്‍, ചൊവ്വാഴ്ചമുതല്‍ പാലക്കാടിനുപകരം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയതില്‍ കോഴിക്കോട് രണ്ടാംസ്ഥാനത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് വെബ്‌സൈറ്റിലെ ഐ.ഡി.എസ്.പി. (ഇന്റഗ്രേറ്റഡ് ഡിസീസസ് സര്‍വെലയന്‍സ് പ്രോജക്ട്) റിപ്പോര്‍ട്ടനുസരിച്ചുള്ള കണക്കാണിത്. ചൊവ്വാഴ്ച 40 പേരാണ് പാലക്കാട്ട് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതില്‍ ആര്‍ക്കുംതന്നെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് 306 പേര്‍ ഡെങ്കിപ്പനിലക്ഷണങ്ങളോടെ ചികിത്സ തേടിയതില്‍ 130 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്ട് 190 പേര്‍ ചികിത്സ തേടിയതില്‍ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറമാണ് മൂന്നാമതുള്ളത്. 70 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.


ജനുവരി ഒന്നുമുതല്‍ ജൂണ്‍വരെയുള്ള ആറുമാസത്തിനിടെ പാലക്കാട്ട് ഒരുലക്ഷത്തിലേറെ പനിക്കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്. ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് 16 പേരാണ് മരിച്ചത്. സര്‍ക്കാരിന്റെ മാത്രം കണക്കാണിത്. സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ചേര്‍ത്താല്‍ സംഖ്യ ഇനിയുമുയരും. 1,01,726 പനിക്കേസുകള്‍, 2,946 സംശയാസ്​പദമായ ഡെങ്കിക്കേസുകളും (മരണം-മൂന്ന്), സ്ഥിരീകരിച്ച ഡെങ്കിപ്പനിക്കേസുകള്‍-333 (മരണം-രണ്ട്), സ്ഥിരീകരിച്ച എലിപ്പനി-എട്ട് (മരണം-ഒന്ന്), സംശയാസ്​പദമായ എലിപ്പനി-22 (മരണം-ഒന്ന്), സംശയാസ്​പദമായ എച്ച് 1 എന്‍ 1-69, സ്ഥിരീകരിച്ച എച്ച് 1 എന്‍ 1-25 (മരണം-ഏഴ്) എന്നിങ്ങനെയാണ് ജില്ലയിലെ രോഗംബാധിച്ചവരുടെ കണക്കുകള്‍.

ജൂണില്‍ സംസ്ഥാനത്താകെ ഡെങ്കിപ്പനിലക്ഷണങ്ങളോടെ 5,917 ഓളം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 1,306 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സാധാരണപനിക്ക് ഈ മാസത്തില്‍ സംസ്ഥാനത്ത് ഏകദേശം 1,26,021 പേര്‍ ഒ.പി.യില്‍ ചികിത്സ തേടി. 5,253 പേരാണ് കിടത്തിച്ചികിത്സയിലുണ്ടായിരുന്നത്.

തിരുവനന്തപുരത്താണ് സാധാരണപനി ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 2,717 പേര്‍ ഒ.പി.യില്‍ ചികിത്സതേടി. 164 പേര്‍ കിടത്തിച്ചികിത്സയിലുണ്ട്. സാധാരണപനിക്ക് കിടത്തിച്ചികിത്സയില്‍ പാലക്കാട് (97), തൃശ്ശൂര്‍ (71), കോഴിക്കോട് (67) എന്നീജില്ലകളാണ് തിരുവനന്തപുരത്തിന് പിറകിലുള്ളത്.



Sharing is Caring