ഡി.ഡി.സി.എയിലെ ക്രമക്കേട്: മന്ത്രി ജെയ്റ്റ്‌ലിക്കെതിരേ തെളിവുകളുമായി ബി.ജെ.പി എം.പി


കേന്ദ്രസര്‍ക്കാരിനു കനത്ത പ്രഹരം നല്‍കി ധനമന്ത്രിഅരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനി (ഡി.ഡി.സി.എ)ലെ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പാര്‍ട്ടി എം.പി കീര്‍ത്തി ആസാദ്. അഞ്ചുഭാഗങ്ങളായി അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള വിക്കിലീക്‌സ് ഇന്ത്യയുടെ ഒളികാമറാ പ്രയോഗമാണ് ഇന്നലെ ഡല്‍ഹി പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആസാദ് പുറത്തുവിട്ടത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശക്തമായ താക്കീത് അവഗണിച്ചാണ് കീര്‍ത്തി ആസാദ് ഇന്നലെ മാധ്യമങ്ങളെ കണ്ടത്.
തന്റെ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും പാര്‍ട്ടിക്കെതിരല്ലെന്നും അഴിമതിവിരുദ്ധ നിലപാടുള്ള നരേന്ദ്രമോദിയുടെ ആരാധകനാണ് താനെന്നുമുള്ള മുഖവുരയോടെയാണ് 1983ല്‍ ആദ്യമായി ഇന്ത്യയിലേക്ക് ലോകകപ്പ് എത്തിച്ച ടീമിലെ അംഗമായ കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. 2013 വരെ തുടര്‍ച്ചയായി 13 വര്‍ഷം ഡി.ഡി.സി.എയുടെ അധ്യക്ഷനായിരുന്നു ജയ്റ്റ്‌ലി. ഇക്കാലയളവിലാണ് ഭീമമായ അഴിമതി നടന്നതെന്ന് ആസാദ് വ്യക്തമാക്കി.
വ്യാജ കമ്പനികളുടെ പേരില്‍ ചെയ്യാത്ത ജോലികള്‍ക്കായി വ്യാജ ബില്ലുകളുണ്ടാക്കി കോടികള്‍ തട്ടി. ബില്ലുകളുടെ പകര്‍പ്പും അദ്ദേഹം ഹാജരാക്കി. എന്തു ജോലിക്കാണ് പണം നല്‍കുന്നതെന്ന് ബില്ലുകളില്‍ പലതിലും വ്യക്തമല്ല. ബില്ലുകളില്‍ പറയുന്ന വിലാസത്തില്‍ അന്വേഷണം നടത്തി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തെളിയിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
നാലു കക്കൂസ് നിര്‍മിക്കാന്‍ നാലര കോടി രൂപ നല്‍കിയെന്ന് ഒരു ബില്ലിലുണ്ട്. ലാപ് ടോപ്പ് പ്രതിദിന വാടകയ്ക്ക് എടുത്തത് 16,000 രൂപയ്ക്ക്. ഒരു പ്രിന്ററിന് ദിവസ വാടക 3,000 രൂപ എന്നിങ്ങനെയുള്ള ബില്ലുകള്‍ കൃത്രിമമായി നിര്‍മിച്ചാണ് കോടികള്‍ തട്ടിയത്. പണം ആരുടെയൊക്കെ അക്കൗണ്ടിലേക്കാണ് പോയതെന്ന് തനിക്ക് അറിയാമെന്നും അക്കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ 2011-12ലെ ജനറല്‍ ബോഡി യോഗത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലിയുമായി നടന്ന വാക്ക് തര്‍ക്കത്തിന്റെ ദൃശ്യവും ഒളിക്യാമറയിലുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഷയം അന്വേഷിച്ച് അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
.




Sharing is Caring