ഗോവ: പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു ഫൈനലിലേക്ക് അവിസ്മരണീയ കുതിപ്പ് നടത്തിയ ചെന്നൈയിന്‍ എഫ്.സി കാലാശപ്പോരാട്ടത്തില്‍ ഗോവന്‍ കാല്‍പ്പനികതയെ നാടകീയമായി കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പതിപ്പില്‍ കിരീടം സ്വന്തമാക്കി. സീക്കോ പരിശീലിപ്പിച്ച എഫ്.സി ഗോവയെ അവരുടെ നാട്ടില്‍ 3-2നു വീഴ്ത്തിയാണ് ചെന്നൈയിന്‍ എഫ്.സി കിരീടത്തില്‍ മുത്തമിട്ടത്.
ആവേശവും അത്ഭുതവും നാടകീയ മുഹൂര്‍ത്തങ്ങളും നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ടൂര്‍ണമന്റിലുടനീളം ഗോളടിച്ചു കൂട്ടി ചെന്നൈ മുന്നേറ്റത്തെ നയിച്ച സ്റ്റീവന്‍ മെന്‍ഡോസ അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിലാണ് ചെന്നൈ കാവ്യ നീതി പോലെ കിരീടം നെഞ്ചോടു ചേര്‍ത്തത്.
കളിയുടെ തൊണ്ണൂറാം മിനുട്ടു വരെ ആവേശം നിറഞ്ഞപ്പോള്‍ വിജയം ഇരു ഭാഗത്തേക്കും ഒരു പോലെ നിന്നു. ഒരു പെനാല്‍റ്റി തുലച്ച സ്റ്റീവന്‍ മെന്‍ഡോസ അവസാന നിമിഷത്തില്‍ ഗോള്‍ നേടി വില്ലനില്‍ നിന്നു നായകനായപ്പോള്‍ ഒരു പെനാല്‍റ്റി തടുത്ത് ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി ഗോവ ഗോള്‍കീപ്പര്‍ കട്ടിമണി നായകനില്‍ നിന്നു വില്ലനായി മാറുന്നതിനും ഫട്ടോര്‍ത സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.തങ്ങളുടെ കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ ചെന്നൈയിനാണ് ലീഡെടുത്തത്. ബ്രൂണോ പെലിസ്സാരിയാണ് ചെന്നൈയിനെ മുന്നിലെത്തിച്ചത്. 54ാം മിനുട്ടില്‍ സ്റ്റീവന്‍ മെന്‍ഡോസ പന്തുമായി കുതിച്ചപ്പോള്‍ തടയാനുള്ള ഗോവ താരം പ്രണോയ് ഹാല്‍ദാറിന്റെ ശ്രമം പാളി. മെന്‍ഡോസയെ വീഴ്ത്തിയതിനു ചെന്നൈയിന് അനുകൂലമായി പെനാല്‍റ്റി. പെലിസ്സാരിയെടുത്ത പെനാല്‍റ്റി ഗോളി കട്ടിമണി വലത്തോട്ട് ചാടി തട്ടിയിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പെലിസ്സാരി അനായാസം വലയിലാക്കി.
ചെന്നൈയിന്റെ ആഹ്ലാദത്തിനു അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളു. പ്രണോയ് ഹാല്‍ദാര്‍ വലതു വിങില്‍ നിന്നു കൊടുത്ത ക്രോസ് പിഴവു കൂടാതെ കണക്ട് ചെയ്ത തോംഗോഷ്യം ഹാവോകിപ് ഗോവക്ക് സമനില സമ്മാനിച്ചു.
പോരാട്ടം 1-1നു സമനിലയിലായതോടെ ഇരു പക്ഷവും ആക്രമണം കടുപ്പിച്ചു. 62ാം മിനുട്ടില്‍ ചെന്നൈയിന് മെന്‍ഡോസയിലൂടെ ഒരു പെനാല്‍റ്റി കൂടി ലഭിച്ചു. പന്തുമായി ബോക്‌സിലേയ്ക്ക് കുതിച്ച മെന്‍ഡോസയെ ഗോളി കട്ടിമണി തന്നെ വീഴ്ത്തി. എന്നാല്‍, മെന്‍ഡോസയെടുത്ത പെനാല്‍റ്റി കട്ടിമണി ഇടത്തോട്ട് ചാടി കുത്തിയകറ്റി.
പെല്ലിസ്സാരിക്ക് പകരം സൂപ്പര്‍ താരം എലാനോ ബ്ലൂമറെ ഇറക്കി ചെന്നൈയിന്‍ ആക്രമണം ശക്തമാക്കി. 87ാം മിനുട്ടില്‍ മനോഹരമായൊരു ഫ്രീ കിക്ക് ഗോളാക്കി പകരക്കാരന്‍ ജോഫ്രെ ഗോവയ്ക്ക് ലീഡൊരുക്കിയതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.













