ഡി.എന്‍.എ പരിശോധനയ്‌ക്ക് നാളെ രക്തസാമ്ബിളുകള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് കോടതി


മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്ബിളുകള്‍ നാളെ നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഡി.എന്‍.എ പരിശോധന നാളെ നടത്തി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബോംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പരിശോധന ഫലം മുദ്രവച്ച കവറില്‍ രജിസ്‌ട്രാര്‍ക്ക് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പീഡന കേസിലെ എഫ്. ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക തീരുമാനം. അതേസമയം, ഡി.എന്‍.എ പരിശോധനയ്‌ക്കായി തന്റെ രക്തസാമ്ബിളുകള്‍ സമര്‍പ്പിക്കാമെന്ന് ബിനോയ് കോടതിയെ അറിയിച്ചിട്ടുണ്ട്.


എന്നാല്‍ ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്‌ക്കായി രക്തസാമ്ബിളുകള്‍ നല്‍കിയിരുന്നില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയില്‍ നല്‍കിയ അപേക്ഷ ചൂണ്ടിക്കാട്ടിയാണ് രക്തസാമ്ബിള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് ബിനോയ് വ്യക്തമാക്കിയത്. നേരത്തെ അനാരോഗ്യം മൂലം തനിക്ക് രക്തസാമ്ബിളുകള്‍ നല്‍കാനാവില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു.


രക്ത സാമ്ബിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും ആരോപിച്ചിരുന്നു. യുവതി സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകള്‍ ബിനോയിയുടെ വാദങ്ങള്‍ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകന്‍ പറയുന്നു. ബിനോയിയും യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. യുവതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ബിനോയുമായി ബന്ധമുണ്ടെന്നത് തെളിയിക്കുന്നതിനായി കൂടുതല്‍ രേഖകളും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.



Sharing is Caring