‘ഡാം 999’ സിനിമക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപെട്ട വിവാദത്തിൽ ‘ഡാം 999’ സിനിമക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ഒൻപത് വർഷങ്ങൾക്കു മുൻപ് 2011 നവംബറിൽ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതൽ തന്നെ തമിഴ്നാട് നിരോധനമേർപ്പെടുത്തിയിരിക്കുകയായിരുന്നു.

സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഈ ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. നിരോധനത്തിന്റെ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ് അതു പുതുക്കിക്കൊണ്ട് സർക്കാർ വീണ്ടും ഉത്തരവ് ഇറക്കിയത്.

മലയാളിയായ സോഹൻ റോയ് നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചലച്ചിത്രമാണ് ഡാം 999. 3 ഡി. രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ സിനിമയുടെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ടെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് സർക്കാർ നിരോധനം തുടരുന്നത്.

വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയാണ് ഡാം 999 കഥ മുന്നോട്ട് പോകുന്നത്. മുല്ലപ്പെരിയാർ പ്രക്ഷോഭം ആളിപ്പടരാൻ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്. അതോടുകൂടി ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള നടപടികളുമായി തമിഴ്നാട് മുൻപോട്ടു പോവുകയുണ്ടായി. പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തീയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക, സൈബർ സ്‌പേസുകൾ വഴി IMDb റേറ്റിംഗ് ഉൾപ്പെടെ തകർക്കുക തുടങ്ങിയ നടപടികളും ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *