ട്രംപിനെ ട്രോളിയ ഓസ്‌കര്‍ നൈറ്റ്


പ്രതീക്ഷിച്ചതു പോലെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ പരിഹസിക്കാനുള്ള വേദിയായി മാറി ഓസ്‌കര്‍ പുരസ്‌കാര രാവ്. ഡോള്‍ബി തിയേറ്ററില്‍ വന്നവരും പോയവരുമെല്ലാം ട്രംപിനെ കളിയാക്കിക്കൊണ്ടേയിരുന്നു. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ ട്രംപിനെതിരായ ട്രോളുകള്‍ നിറഞ്ഞ രാത്രിയിലാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.


അവതാരകന്‍ ജിമ്മി കിമ്മലാണ് ട്രംപിനെതിരായ ആക്രമണത്തിനു തുടക്കമിട്ടത്. പലരും പേരെടുത്തു പറയാതെ വിമര്‍ശിച്ചപ്പോള്‍ ടോക്ക് ഷോകളിലൂടെ പ്രശസ്തനായ ജിമ്മി ഒരു മടിയുമില്ലാതെ ആ പേര് ആവര്‍ത്തിച്ചു. പുരസ്‌കര നിശയ്ക്കു തുടക്കമിട്ട് ജിമ്മി സംസാരിച്ചതിങ്ങനെ, നമ്മെ വെറുക്കുന്ന 225 രാജ്യങ്ങളിലെ കോടിക്കണക്കിനാളുകള്‍ ഇപ്പോള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അവാര്‍ഡ് നിശയില്‍ ഒരു ആരോപണമുയര്‍ന്നു, ഇവിടെ വംശീയ വേര്‍തിരിവുണ്ടെന്ന്. എന്നാല്‍, മറ്റു വംശങ്ങളെ ഇങ്ങോട്ട് കയറ്റാതെ ഇത്തവണ പ്രസിഡന്റ് ആ ആരോപണം തകര്‍ത്തു…


ഓസ്‌കറിന്റെ സംഘാടകരായ അമേരിക്കന്‍ മോഷന്‍ പിക്ച്ചര്‍ അക്കാദമിയുടെ പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഐസക്‌സിനെ വേദിയിലേക്കു ക്ഷണിച്ചപ്പോഴും ജിമ്മി, ട്രംപിനെ വെറുതെ വിട്ടില്ല, കലയിലും ശാസ്ത്രത്തിലും വിശ്വാസമുള്ള ഒരു പ്രസിഡന്റിനെ വേദിയിലേക്കു സ്വാഗതം ചെയ്യാം എന്നാണ് ജിമ്മി പറഞ്ഞത്.

പലര്‍ക്കും പരിഹാസത്തിന്റെ സ്വരമായിരുന്നെങ്കില്‍ ചടങ്ങു ബഹിഷ്‌കരിച്ച ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വളരെ ഗൗരവമുള്ള വിമര്‍ശനമാണ് ഉന്നയിച്ച്. അസ്ഗറിന്റെ ദി സെയില്‍സ്മാന്‍ എന്ന ചിത്രമാണ് മികച്ച വിദേശ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. ട്രംപിന്റെ നയങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാന്‍ അസ്ഗര്‍ അമേരിക്കയിലേക്കു വരുന്നില്ല എന്നു തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ചടങ്ങില്‍ അസ്ഗറിന്റെ പ്രസ്താവന വായിച്ചു, അമേരിക്കയും അവരുടെ ശത്രുക്കളും എന്ന് ലോകത്തെ വേര്‍തിരിച്ചതിനോടുള്ള വിയോജിപ്പാണ് ഞാന്‍ രേഖപ്പെടുത്തുന്നത്. അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ച രാജ്യങ്ങളിലെ ജനങ്ങളോടുള്ള ആദരവു ഞാന്‍ ഈ ബഹിഷ്‌കരണത്തിലൂടെ പ്രകടിപ്പിക്കുകയാണ്, അസ്ഗര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു.



Sharing is Caring