ജോണി വൈദികനെ കുത്തിയത് കൊല്ലാനുദ്ദേശിച്ചുതന്നെയെന്ന് പൊലീസ്


കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ മുന്‍ കപ്യാര്‍ ജോണി കുത്തിയത് കൊലപ്പെടുത്താന്‍ വേണ്ടി തന്നെയായിരുന്നെന്ന് പോലീസ്. വൈദികനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടു കൂടിയായിരുന്നു ജോണി കത്തി കരുതിയതും കുരിശുമല കയറിയതും. വൈദികന്റെ വയറില്‍ കുത്താനായിരുന്നു ശ്രമമെങ്കിലും നിരപ്പായ സ്ഥലമല്ലാതിരുന്നതിനാല്‍ ഉദ്യമം പരാജയപ്പെട്ട് തുടയില്‍ കുത്തുകൊള്ളുകയായിരുന്നുവെന്നും പോലീസ് പറയുന്നു.


മലയാറ്റൂര്‍ കുരിശുമുടിയുടെ ആറാം സ്ഥലത്തുവെച്ച് വൈദികനും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വൈദികനെ പ്രതി കുത്തുകയുമായിരുന്നു. ആക്രമണത്തിനു ശേഷം പ്രതി കപ്യാര്‍ ജോണി കാട്ടിലേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. കുത്തേറ്റ ഫാദര്‍ സേവ്യറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചിരുന്നു.


കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജോണിയെ ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്‍കി. പരമ്ബരാഗതമായി ജോണിയുടെ കുടുംബക്കാര്‍ മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ്. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്ന് ജോണി പറഞ്ഞതായി പോലീസ് പറഞ്ഞു.



Sharing is Caring