ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം.
ഇന്നലെ ജയിലില്‍ വച്ചു കണ്ട് തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം പറഞ്ഞെന്നും ബദര്‍ ഉള്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒരുമിച്ചിരുന്നു മദ്യപിച്ചു. അതിനു ശേഷമാണ് ഇരുവരും കൂടി ജിഷയുടെ വീട്ടിലേക്ക് പോയത്.
അമീര്‍ നോക്കിനില്‍ക്കേയാണ് അനാറുള്‍ ജിഷയെ കൊന്നതെന്നും എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശനിയാഴ്ച ജയിലില്‍ വച്ചു കണ്ടപ്പോഴും അമീര്‍ തന്നോട് പറഞ്ഞതെന്നും ബദര്‍ ഉള്‍ ഇസ്ലാം പറയുന്നു.കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ ജിഷയേയും അമീര്‍ ഉള്‍ ഇസ്ലാമിനേയും കൂടാതെ മൂന്നാമതൊരാളുടെ സാന്നിധ്യമുള്ളതായി നേരത്തെ തന്ന സൂചനകളുണ്ടായിരുന്നു. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ വിരലടയാളവും, ജിഷയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മുടിനാരും ആരുടേതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കുവാന്‍ പോലീസിന് സാധിച്ചിട്ടില്ല.
അനാറിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണസംഘം ജിഷ കൊല്ലപ്പെടുന്ന സമയത്ത് അനാര്‍ അവിടെ ഇല്ലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ അനാറിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ച പ്രധാനഘടകം ഇതാണ്.













