ജി.എസ്.ടി ബില്‍ ഇന്ന് ലോക്‌സഭയില്‍


ജി.എസ്.ടി (ചരക്കുസേവന നികുതി) ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ കഴിഞ്ഞവര്‍ഷം മേയില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പിന്നീട് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതി വരുത്തിയതിനാലാണ് ഇന്ന് വീണ്ടും ലോക്‌സഭയില്‍ കൊണ്ടുവരുന്നത്. ലോക്‌സഭയില്‍ സര്‍ക്കാരിനു മൂന്നിലൊന്ന് ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമെന്ന് ഉറപ്പാണ്. എങ്കിലും ബില്‍ പാസാക്കല്‍ സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായതിനാല്‍ ബി.ജെ.പി എം.പിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. സഭയില്‍ വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും വിപ്പ് നല്‍കി. ബി.ജെ.പി ഉറപ്പുനല്‍കിയ ഭേദഗതികളോടെ ബില്ലിനെ ലോക്‌സഭയില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ബുധനാഴ്ചയാണ് ജി.എസ്.ടി സംബന്ധിച്ച 122ാം ഭരണഘടനാ ഭേഗഗതി ബില്‍ രാജ്യസഭയില്‍ പാസായത്.


ഇന്നു നടക്കുന്ന ഭരണഘടനയുടെ 122ാം ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തേക്കും.ഇന്ന് ലോക്‌സഭയുടെ അംഗീകാരംകൂടി കിട്ടുന്നതോടെ ബില്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തിനു വിടും. ആകെയുള്ള 29ല്‍ ചുരുങ്ങിയത് 15 സംസ്ഥാനങ്ങളെങ്കിലും ബില്‍ അംഗീകരിച്ചിരിക്കണം. പാര്‍ലമെന്റിന്റെ അനുമതികിട്ടി 30 ദിവസത്തിനുള്ളിലാണ് നിയമസഭകള്‍ ബില്ലിനെ പിന്തുണയ്‌ക്കേണ്ടത്.




Sharing is Caring