ജി.എസ്.ടി: തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍


ചരക്ക് സേവന നികുതി (ജി.എസ്.ടി) ഓര്‍ഡിനന്‍സ് നിയമമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജി.എസ്.ടി ബില്ലെന്നും, ഇത് തിരിച്ചറിയാന്‍ കഴിയണമായിരുന്നുവെന്നും ചര്‍ച്ചയ്ക്കിടെ സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു.


വിലകുറയാത്തത് എന്ത് കൊണ്ടാണെന്ന് ചോദിക്കുമ്ബോള്‍ സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഐസക്കിനെ പരോക്ഷമായി വിമര്‍ശിച്ച്‌ എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തിന്റെ നഷ്ടം പരിഹരിക്കുമെന്ന കേന്ദ്രവാഗ്ദാനം വിശ്വസിക്കരുതെന്നും എം. സ്വരാജ് പറഞ്ഞു.
എന്നാല്‍, ടി.വി.രാജേഷ് എം.എല്‍.എ മന്ത്രിയെ പിന്തുണച്ച്‌ രംഗത്തുവന്നു. സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ ഏറ്റവും കുടുതല്‍ പോരാടിയ ധനമന്ത്രിമാരില്‍ ഒരാളാണ് ഐസക്കെന്ന് രാജേഷ് പറഞ്ഞു.


അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ താന്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തോമസ് ഐസക്ക് എം.എല്‍.എമാര്‍ക്ക് മറുപടി നല്‍കിയത്. പാര്‍ട്ടി അംഗീകാരത്തോടെയാണ് ജി.എസ്.ടിയില്‍ നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നുവെന്ന് അംഗീകരിക്കുന്നതായും, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പെ ജി.എസ്.ടി ലോക്സഭ പാസാക്കിയിരുന്നുവെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.



Sharing is Caring