‘ജയ്ഷാ ശ്രമിക്കുന്നത് വായടപ്പിക്കാന്‍’; വിലക്കേര്‍പ്പെടുത്തിയ കോടതി ഉത്തരവ് ഏകപക്ഷീയമെന്ന് ദ വയര്‍


ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്ത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിയ അഹമ്മദാബാദ് കോടതി വിധി ഏകപക്ഷീയമെന്ന് ദ വയര്‍. വാ മൂടിക്കെട്ടാനുളള ശ്രമമാണിത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദി വയര്‍ അധികൃതര്‍ അറിയിച്ചു.


ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെ ദി വയര്‍ പ്രസിദ്ദീകരിച്ച ജയ്ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ ടിവി ചര്‍ച്ചയോ ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നാണ് അഹമ്മദാബാദ് കോടതി ഉത്തരവിട്ടത്.


ഉത്തരവ് സംബന്ധിച്ച ജയ്ഷായുടെ അഭിഭാഷകന്‍ നല്‍കിയ അറിയിപ്പ് തിങ്കളാഴ്ചയാണ് ലഭിച്ചതെന്ന് ദ വയര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കുകയോ ചെയ്തിട്ടില്ല. ജയ് ഷായുടെ അഭിഭാഷകന്റെ മാത്രം വാദത്തിന്റെ അടിസ്ഥാനത്തിലാണ് വിധി. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദ വയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.



Sharing is Caring