ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും


വാഷിങ്‌ടെണ്‍: മുന്‍ സൈനിക ജനറലായ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെതാണ് തീരുമാനം. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം സിന്‍സിനാറ്റിയിലേക്കു നടത്തിയ പ്രഥമ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യകതമാക്കിയത്.


സൈനിക വൃത്തങ്ങളില്‍ മാഡ് ഡോഗ് എന്നറിയപ്പെടുന്ന ജയിംസ് 2013-ലാണ് സൈന്യത്തില്‍നിന്നു വിരമിച്ചത്. ഇറാക്ക്, അഫ്ഗാന്‍ യുദ്ധങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇറാഖ് അധിനിവേശകാലത്ത് ഫല്ലൂജയില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ യുഎസ് നാവികസേനയെ നയിച്ച ജനറല്‍ മാറ്റിസിന്റെ നേതൃപാടവം ഏറെ ശ്രദ്ധ നേടിയിരുന്നു.


അതേസമയം, സാന്റിയാഗോയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ചില ആളുകളെ വെടിവയ്ക്കുന്നതു രസമുള്ള കാര്യമാണെന്ന തരത്തില്‍ ജനറല്‍ ജയിംസ് നടത്തിയ പരാമര്‍ശം വിവാദവും വരുത്തിവച്ചിരുന്നു.

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന അഭിപ്രായക്കാരനാണ് ജയിംസ് മാറ്റിസ്. സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിനെതിരായ ഒബാമ ഭരണകൂടത്തിന്റെ ആദ്യകാല ചെറുത്തുനില്‍പ്പിനെ നിശിതമായി വിമര്‍ശിച്ചിരുന്നയാളുമാണ് മാറ്റിസ്.



Sharing is Caring