ജമ്മു കാശ്മീരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായി.ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. ജമ്മു കാശ്മീരിലെ കിഷ്ത്‌വാര്‍ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.


ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, മസൂദ്, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഇതോടെ എന്‍ഐഎ കിഷ്ത്വാറില്‍ നിന്ന് പിടികൂടിയവരുടെ ഭീകരുടെ എണ്ണം പതിനാറ് ആയി. ദോഡ, കിഷ്ത്‌വാര്‍ ജില്ലകളില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ ഭീകരസംഘടന.


കിഷ്ത്‌വാര്‍ ജില്ല തീവ്രവാദ മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട് പത്ത് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് വീണ്ടും ഭീകരര്‍ ഇവിടെ പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ബിജെപി, ആര്‍എസ്‌എസ് നേതാക്കളുടെ കൊലപാതകത്തോടെയായിരുന്നു ഹിസ്ബുള്‍ ഭീകരര്‍ തങ്ങളുടെ തിരിച്ചുവരവ് അറിയിച്ചത്. അതേസമയം ഈ കൊലപാതകത്തിന്റെ മുഖ്യപ്രതികളില്‍ ഒരാളായ ഒസാമയെ കഴിഞ്ഞ ദിവസം സൈന്യം കൊലപ്പെടുത്തിയിരുന്നു.



Sharing is Caring