ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു


കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 11 എം.എല്‍.എമാര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിടാനുള്ള വഗേലയുടെ തീരുമാനം. വഗേലയ്ക്കൊപ്പം പിന്തുണ അറിയിച്ച്‌ ചില എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടേക്കും. തന്നെ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്ക് മുമ്ബ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി മുന്‍ മുഖ്യമന്ത്രി ആയിരുന്ന വഗേല പറഞ്ഞു.


ഇനി മൂന്നാം മുന്നണിയിലേക്കാണോ ബി.ജെ.പിയിലേക്കുള്ള തിരിച്ചുപോക്കാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വഗേലയുടെ പിറന്നാള്‍ ദിനമായ ഇന്ന് പാര്‍ട്ടി നേതാക്കളുമായി ഗന്ധിനഗറില്‍ നടത്തിയ റാലിയിലാണ് വഗേലയുടെ പ്രഖ്യാപനം. പാര്‍ട്ടിയില്‍ നിന്ന് 24 മണിക്കൂര്‍ മുന്‍പ് തന്നെ പുറത്താക്കിയതായി റാലിയില്‍ വഗേല വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച വഗേല, എം.എല്‍.എ സ്ഥാനവും ഉടന്‍ ഒഴിയുമെന്ന് വ്യക്തമാക്കി.


ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിയുമായി ചേര്‍ന്ന് ശങ്കര്‍സിംഗ് വഗേല മൂന്നാം മുന്നണി രൂപീകരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. മുന്‍ ബി.ജെ.പി അംഗമായിരുന്ന വഗേല 1996-97ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അതേസമയം, വഗേല ബി.ജെ.പിയിലേക്ക് മടങ്ങുകയാണെങ്കില്‍ അത് ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.



Sharing is Caring