പീഡന ആരോപണം: വിന്‍സെന്റ് എംഎല്‍എ രാജിവെച്ചേക്കും


വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം. വിന്‍സെന്റ് രാജിവെച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാഴ്ത്തി എംഎല്‍എ തന്നെ ചതിച്ചതായി ആരോപിക്കുന്ന വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. എംഎല്‍എ യുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പീഡനശ്രമവും ആത്മഹത്യ പ്രേരണാക്കുറ്റവും ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് എംഎല്‍എയ്ക്കെതിരെ ബാലരാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി എംഎല്‍എയില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. വീട്ടമ്മയുടെ മൊഴിയും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗം രേഖപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് വീട്ടമ്മ സഹോദരനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഈ സംഭാഷണത്തിലാണ് എംഎല്‍എ തന്നെ ചതിക്കുകയായിരുന്നു എന്ന വീട്ടമ്മ വ്യക്തമാക്കുന്നത്. എന്നിരിക്കെ ഈ സംഭാഷണം സഹോദരന്‍ സ്ഥിരീകരിക്കുകയും പിന്നാലെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുമുണ്ട്. കൂടാതെ എംഎല്‍എ വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.
അതേസമയം വീട്ടമ്മയുടെ ശെവദ്യപരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായാല്‍ എംഎല്‍എയുടെ അറസ്റ്റ് ഉള്‍പ്പെടെ നടപടി ഉണ്ടാകും. എംഎല്‍എ യെ ചോദ്യം ചെയ്യുന്നതിനായി സ്പീക്കറുടെ അനുമതി തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.




Sharing is Caring