വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വരികയും നിശ്ചിത പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിൻമാറുകയും ചെയ്തതോടെ,ഗാസയില്‍ ശക്തിപ്രാപിക്കാനുള്ള ശ്രമവുമായി ഹമാസ്.പ്രാദേശിക ഏറ്റുമുട്ടലുകളും തുടങ്ങി. തെരുവുകളില്‍ സുരക്ഷാ പരിശോധന ആരംഭിച്ച ഹമാസ്,ഗാസ സിറ്റിയില്‍ നടത്തിയ ഏറ്റുമുട്ടലിനിടെ പ്രാദേശിക സായുധ സംഘത്തിലെ 32 അംഗങ്ങളെ വധിച്ചു.
ആറ് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടു. 24 പേരെ അറസ്റ്റ് ചെയ്തെന്നും 30 പേർക്ക് പരിക്കേറ്റെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.ഗാസയില്‍ ഹമാസിനെ എതിർക്കുന്ന നിരവധി ചെറു പ്രാദേശിക സംഘങ്ങളുണ്ട്. അതേസമയം,ഹമാസ് സജീവമാകുന്നതിനെ ഇസ്രയേല്‍ ഗൗരവത്തോടെയാണ് കാണുന്നത്.

യു.എസിന്റെ സമാധാന പദ്ധതി പ്രകാരം യുദ്ധം പൂർണമായും അവസാനിക്കണമെങ്കില്‍ ഹമാസ് നിരായുധീകരിക്കപ്പെടണം. പാലസ്തീൻ രാഷ്ട്രമുണ്ടാകാതെ അതിന് തയ്യാറാകില്ലെന്നാണ് ഹമാസിന്റെ പക്ഷം. സ്വതന്ത്ര പാലസ്തീനെ അനുവദിക്കില്ലെന്ന് ഇസ്രയേലും. ഹമാസിന് ഇല്ലാതാക്കിയില്ലെങ്കില്‍ സർക്കാരിനെ വീഴ്ത്തുമെന്ന് ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാർട്ടികള്‍ ഭീഷണി മുഴക്കുന്നു.













