ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണമില്ലെന്ന് സുപ്രിം കോടതി. പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. നാഥൂറാം ഗോഡ്‌സെ തന്നെയാണ് ഗാന്ധിയെ വെടിവെച്ച് കൊന്നതെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രിം കോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.
കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. നാഥൂറാം ഗോഡ്‌സെയുടേതല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധി മരിച്ചതെന്നതിന് തെളിവില്ലെന്ന് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശഏജന്‍സികള്‍ക്ക് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സവര്‍ക്കര്‍ അനുയായി ആയ പങ്കജ് ഫട്‌നിസാണ് ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമരീന്ദര്‍ സരണിനെ സുപ്രിം കോടതി അമിക്കസ്‌ക്യൂറിയായി നിയമിക്കുകയായിരുന്നു.
ഗാന്ധി വധത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയമിക്കണം അല്ലെങ്കില്‍ വസ്തുതാ പഠനസംഘത്തിന് രൂപം നല്‍കണം എന്ന ഹര്‍ജിയിലെ ആവശ്യം അമിക്കസ് ക്യൂറി പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു. ഗാന്ധി വധക്കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച അമിക്കസ് ക്യൂറി വധത്തില്‍ ദുരൂഹതയുണ്ടെന്ന വാദം അംഗീകരിച്ചില്ല. നാഥൂറാം വിനായക് ഗോഡ്‌സെ അല്ലാതെ മറ്റൊരാളാണ് ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തതെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തത് ഗോഡ്‌സെ ആണെന്ന് നിസംശയം തെളിഞ്ഞതാണ്. കേസില്‍ കോടതികള്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഗോഡ്‌സെയുടേത് അല്ലാതെ നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധി കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്ന ഹര്‍ജിക്കാരന്റെ സിദ്ധാന്തം നിലനില്‍ക്കില്ല. വിദേശ ഏജന്‍സിക്ക് വധത്തില്‍ പങ്കുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു.













