ഗള്‍ഫിലെ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം തട്ടിപ്പിനിറങ്ങിയ യുവതിയും യുവാവും പിടിയില്‍


തിരുവല്ല: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി തട്ടിപ്പ് നടത്തിയ യുവതിയെയും സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.


അടൂര്‍ മണക്കാല നെല്ലിമുകള്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഷാലി(37), കൊല്ലം വടക്കേവിള അയത്തില്‍ പ്രകാശ് (ആശാന്റഴികം ബൈജു 39) എന്നിവരാണ് പിടിയിലായത്.


കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളയുക, രണ്ടായിരത്തിന്റെ കറന്‍സി കാട്ടി ലോട്ടറി വാങ്ങിയശേഷം നോട്ട് നല്‍കാതെ ഓട്ടോയില്‍ രക്ഷപ്പെടുക എന്നിങ്ങനെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

പോലീസിന് ലഭിച്ച അഞ്ചു പരാതികളിന്മേല്‍ അന്വേഷണം നടത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിനി ലക്ഷ്മി എന്ന ലോട്ടറി വില്‍പ്പനക്കാരി നല്‍കിയ ഓട്ടോറിക്ഷയുടെ രജിസ്‌ട്രേഷന്‍ നമ്ബര്‍ആണു പിടിവള്ളിയായത്.
ലക്ഷ്മിയും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. എസ്. ഐ. ബി.വിനോദ് കുമാര്‍, ട്രാഫിക് എസ്.ഐ സി.ദിനേശ് കുമാര്‍, സി.പി.ഒമാരായ അഖിലേഷ്, ജോജോ എന്നിവരാണ് അറസ്റ്റ് ചെയ്തത്.



Sharing is Caring