തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം വരണമെന്ന ആവശ്യവുമായി രംഗത്തെത്തിയ കമല്‍ ഹാസന് കൂടുതല്‍ കടുത്ത നിലപാടുമായി രംഗത്ത്. ഞങ്ങളെ പ്രകോപിപ്പിക്കരുതെന്നും ഞാനും എന്റെ ആളുകളും തോക്കുമായി ഇറങ്ങുമെന്നാണു രാഷ്ട്രീയക്കാര്‍ക്കു കമല്‍ ഹാസന്റെ മുന്നറിയിപ്പ്. രാജ്ദീപ് സര്‍ദേശായി ഇന്ത്യ ടുഡേയ്ക്കുവേണ്ടി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പനീര്‍ശെല്‍വംതന്നെ മുഖ്യമന്ത്രിയാകണമെന്ന് ആവര്‍ത്തിച്ച കമല്‍, ആരാണു മുഖ്യമന്ത്രിയാകേണ്ടത് എന്നതില്‍ തമിഴ് ജനതയാണു തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. എനിക്കു ശശികലയുടെ യോഗ്യത എന്തെന്നറിയില്ല. ജനങ്ങള്‍ക്കും അതറിയാമെന്നു തോന്നുന്നില്ല. ഒരാള്‍ക്കു ചുറ്റും ജീവിച്ചതുകൊണ്ട് അയാള്‍ക്കു യോഗ്യതയുണ്ടാകണമെന്നില്ല. ഞാന്‍ ഒരു വക്കീലിന്റെ മകനാണ് എന്നതുകൊണ്ട് എനിക്കു കോടതിയില്‍ പോയി വാദിക്കാനും കേസ് ജയിക്കാനും കഴിയുമെന്നു വിചാരിക്കരുത്. ഞാന്‍ നടനാണ്. അതിലാണ് എനിക്കു പരിശീലനം. മഹാഭാരതത്തില്‍ നടത്തിയതുപോലുള്ള ചൂതുകളിയല്ല രാഷ്ട്രീയം.

ഞാന്‍ പ്രാര്‍ഥനകളില്‍ വിശ്വസിക്കുന്നില്ല. പ്രാര്ഥിക്കുന്നുണ്ടെങ്കില് ഞാന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ എത്തരുതേ എന്നാകണം പ്രാര്‍ഥിക്കേണ്ടതെന്നും അദ്ദേഹം രാജ്ദീപിനോടു പറഞ്ഞു. ഞാനും എന്റെ ആളുകളും ക്രോധത്തിലാണ്. ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് എത്തിയാല്‍ അതു തോക്കുമായുള്ള വരവായിരിക്കുമെന്നും കമല്‍ മുന്നറിയിപ്പ് നല്കുന്നു. ഞങ്ങള്‍ അതാഗ്രഹിക്കുന്നില്ല. ഈ രാജ്യം അഹിംസയുടെയും സമാധാനത്തിന്റെയും രാഷ്ട്രീയം കൊണ്ടുനടക്കുന്ന ഇടമാണ്. അതു മാറ്റിമറിക്കാന്‍ നിര്‍ബന്ധിക്കരുത്. ഞാന്‍ അതുകാണാന്‍ ജീവിച്ചിരിക്കണമെന്നുമില്ല. അതുകാണാന്‍ ജീവിച്ചിരിക്കണമെന്ന ആഗ്രഹവുമില്ല. എന്നാല്‍, ജനങ്ങളെ വിപ്ലവത്തിലേക്കു തള്ളിയിടാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.













