ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് വരും; യുഡിഎഫിലെ ചില കക്ഷികളും: പി എസ് ശ്രീധരന്‍പിള്ള


ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് വരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. യുഡിഎഫില്‍ നിന്ന് ചില കക്ഷികള്‍ എന്‍ഡിഎയിലേക്കുമെത്തും. ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ സ്വീകരിച്ച അതേ തന്ത്രങ്ങള്‍ കേരളത്തിലും സ്വീകരിക്കും. അതിനുവേണ്ടി ആരോടും കൂട്ടുകൂടുമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന് അദ്ദേഹമാണ് പറയേണ്ടത്. രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ പദവികളില്‍ നിയോഗിക്കപ്പെട്ടവരോട്, ആ സ്ഥാനങ്ങള്‍ രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ ക്ഷണിക്കുന്നത് ഉചിതമല്ല. അത്തരത്തില്‍ മടങ്ങിവരണമെന്ന വാദംതന്നെ അനൗചിത്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ബിജെപി ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.




Sharing is Caring