കോന്നി ദുരൂഹ മരണം; അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്


തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (16-07-2015) ഉച്ചതിരിഞ്ഞ് ബാംഗളൂരുവിലേക്ക് തിരിക്കും. എ ഡി ജി പി ബി സന്ധ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര. ബംഗളൂരിലെ ലാല്‍ബാഗിലെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.


പെണ്‍കുട്ടികള്‍ രണ്ടു തവണ ബംഗളൂരുവില്‍ പോയതിന്റേയും മൂവരും ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റേയും ടിക്കറ്റുകള്‍ ഇവരുടെ ബാഗില്‍ നിന്നു പൊലീസിന് ലഭിച്ചിരുന്നു. ലാല്‍ബാഗിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.


അതേ സമയം, പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് കത്ത് നല്‍കി. അന്വേഷണത്തിന് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍ അനിവാര്യമാണ്. നിയമസഭയിലടക്കം മറുപടി പറയേണ്ട വിഷയമെന്നും കത്തില്‍ പറയുന്നു. പ്രമാദമായ കേസായതിനാല്‍ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയാണ് കത്ത് നല്‍കിയത്.



Sharing is Caring